കളമശ്ശേരി നഗരസഭ പരിധിയിലെ ഒരു പ്രധാന ക്ഷേത്രമാണ് തൃക്കാക്കര. പണ്ടുകാലത്ത് തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവത്തിനായി കൊണ്ടു വന്നിരുന്ന ആനകളെ കൂട്ടമായി കെട്ടിയിരുന്ന സ്ഥലത്തെ കളഭശ്ശേരി എന്നു വിശേഷിപ്പിച്ചു പോന്നു. അത് പിന്നീട് ഭാഷാന്തരം സംഭവിച്ച് ഇന്നത്തെ കളമശ്ശേരിയായി മാറുകയായിരുന്നു. 1920-ല്‍ ആരംഭിച്ച തേവരക്കല് സ്ക്കൂള് എന്ന പേരില്‍ അറിയപ്പെടുന്ന തൃക്കാക്കര സ്ക്കൂള് ആണ് ഈ പ്രദേശത്തെ ആദ്യത്തെ വിദ്യാലയം. ഇന്ന് വാണിജ്യ പ്രാധാന്യമുള്ള എച്ച്.എം.റ്റി, പ്രീമിയര്‍ ടയേഴ്സ് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഈ പ്രദേശത്തിന്റെ ഖ്യാതി അന്താരാഷ്ട്ര തലത്തിലെത്തിച്ചിരിക്കുന്നു. കുസാറ്റ് ഉള്‍പ്പെടെ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രദേശം 1951-ലെ തിരുകൊച്ചി ആക്ട് പ്രകാരം 1953 ആഗസ്റ്റ് 15 ന് നിലവില്‍ വന്ന ഞാലകം പഞ്ചായത്ത് ആണ്. ഈ പഞ്ചായത്തിന്റെ ആദ്യ ഭരണസമിതി മണോലി മരയ്ക്കരെ പ്രസിഡന്റായി തെരഞ്ഞെടുത്തുകൊണ്ട് നിലവില്‍ വന്നു. ഈ ഭരണ സമിതിയാണ് ഞാലകം പഞ്ചായത്ത് എന്ന പേര് മാറ്റി കളമശ്ശേരി പഞ്ചായത്ത് എന്നാക്കിയത്. 01/04/1990-ല്‍ ഈ പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി രൂപാന്തരപ്പെട്ടതോടെ മുന്‍ പഞ്ചായത്ത് ഭരണസമിതിയെ ഉപദേശക സമിതിയായി തുടരാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. 01/04/1990 മുതല്‍ ഭരണം സ്പെഷ്യല്‍ ഓഫീസറുടെ കീഴിലായി. കളമശ്ശേരി നഗരസഭ ആയതിനെ തുടര്‍ന്ന് 1995 സെപ്തംബര്‍ 23 ന് നടന്ന തെരഞ്ഞെടുപ്പിലൂടെ പുതിയ ഭരണസമിതി നിലവില്‍ വന്നു. നഗരസഭയുടെ പ്രഥമ ചെയര്‍മാനായി ടി.കെ.കുട്ടി അധികാരമേറ്റു.