English| മലയാളം

ബജറ്റ് 2012-13

ബഹുമാനപ്പെട്ട ചെയര്‍മാന്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി, ഉദ്യോഗസ്ഥര്‍, പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകരെ, സ്നേഹനിധികളായ നഗരവാസികളെ,

നാലാമത് ജനകീയ കൗണ്‍സിലിന്‍റെ രണ്ടാമത് ബഡ്ജറ്റാണ് ഞാന്‍ ഇന്ന് ഇവിടെ അവതരിപ്പിക്കുന്നത്. ഇതിനവസരമൊരുക്കിയ സര്‍വ്വേശ്വരനോടും സുമനസ്സുകളോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ 73, 74 ഭേദഗതി പ്രകാരം നഗരസഭകള്‍ക്ക് 17 ചുമതലകള്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. അഗ്നിശമന സേവനം മാത്രമാണ് ഇനി കൈമാറാനുളളത്. കേരള മുനിസിപ്പല്‍ നിയമം 30(1) പ്രകാരം അനുവാര്യമായ 30 ചുമതലകളും പൊതുവായ 14 ഉം മേഖലതിരിച്ചുളള 107 ചുമതലകളുമാണ് നഗരസഭകള്‍ക്ക് പൊതുവെ നിര്‍വ്വഹിയ്ക്കാനുളളത്. 2011 സെന്‍സസിലെ ആദ്യ കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളത്തില്‍ 47.72% (15932171) ജനങ്ങള്‍ നഗരവാസികളായി മാറിക്കഴിഞ്ഞുവെന്നാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ 92.72% വളര്‍ച്ചയാണ് ഉണ്ടായിട്ടുളളത്. ഈ സാഹചര്യത്തില്‍ നഗരത്തിന്‍റെ വളര്‍ച്ചയുടെ ഗുണനിലവാരം ദ്രുതഗതിയില്‍ വര്‍ദ്ധിക്കുന്ന തരത്തിലുളള പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ നാം ബാധ്യസ്ഥരാണ്.

33046743 മുന്നിരിപ്പുള്‍പ്പെടെ മൊത്തം വരവ് 200243110 രൂപയും ചെലവ് 141275545 രൂപയും നീക്കിയിരുപ്പ് 58967565 രൂപയുടേതുമായ 1112 ലെ പുതുക്കിയ ബഡ്ജറ്റ് വര്‍ഷാരംഭ മുന്നിരിപ്പു തുകയായ 25013731 രൂപയും തന്നാണ്ട് വരവ് 446649400രൂപയും ഉള്‍പ്പെടെ ആകെ 471663131 രൂപ വരവും 446091130 രൂപ ചെലവും 25572001രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന 2012-13 ലെ മതിപ്പു ബഡ്ജറ്റുമാണ് ഞാന്‍ ഇവിടെ അവതരിപ്പിക്കുന്നത്.

സുസ്ഥിര വികസന പാതയിലൂന്നിയ അടിസ്ഥാന സൗകര്യ വികസനവും ഭൗതിക സമ്പത്തിന്‍റെ നിയന്ത്രിത വിനിയോഗവുമാണ് കഴിഞ്ഞ ബഡ്ജറ്റില്‍ ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ ബഹുവര്‍ഷ പദ്ധതികള്‍ക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയത്. ഈ കൗണ്‍സില്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റണമെങ്കില്‍ ബഹുവര്‍ഷ പദ്ധതികള്‍ കൗണ്‍സിലിന്‍റെ ആരംഭഘട്ടം മുതല്‍ക്കുതന്നെ നടപടികളെടുക്കേണ്ടതുണ്ടായിരുന്നു. കഴിഞ്ഞകാല ബഡ്ജറ്റില്‍ വിഭാവനം ചെയ്തിരുന്ന പല ചെറു പദ്ധതികളും നാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചിലത് പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ചില ബൃഹത് പദ്ധതികളാകട്ടെ ആരംഭദശയിലും. മറ്റു ചിലത് ഇനിയും ആരംഭിച്ചിട്ടില്ലാത്തതാണ്. അവിചാരിതമായ സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ട് ചില പദ്ധതികള്‍ക്ക് തടസ്സം നേരിട്ടുവെങ്കിലും അത്തരം സാങ്കേതിക തടസ്സങ്ങള്‍ നീക്കികൊണ്ട് ജനങ്ങള്‍ക്ക് നല്‍കിയവാഗ്ദാനങ്ങള്‍ സഫലമാക്കുന്നതിനും ജനാഭിലാഷ പദ്ധതികള്‍ ഒരുക്കുന്നതിനും ഈ കൗണ്‍സില്‍ പ്രതിജ്ഞാബദ്ധമാണ്.

ഈ നഗരസഭാ കൗണ്‍സില്‍ 2010 നവംബറില്‍ സ്ഥാനമേറ്റതു മുതല്‍ സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കുന്നതിനായി പരമാവധി ശ്രമിച്ചിട്ടുളളതാണ്. നടപ്പു വര്‍ഷം കരാറുകാര്‍ക്കു നല്‍കാനുണ്ടായ 2.5 കോടി രൂപയും, കുടിവെളള കുടിശ്ശികയായി 54 ലക്ഷം രൂപയും, ലൈബ്രറി സെസ് ഇനത്തില്‍ 25 ലക്ഷം രൂപയോളവും, ഓഡിറ്റ് ചാര്‍ജ്ജ് കുടിശിക 699737 രൂപയും ഒടുക്കിയിട്ടുളളതാണ്. ജീവനക്കാര്‍ക്ക് ഡി.എ.കുടിശ്ശിക ശമ്പളവര്‍ദ്ധന കുടിശിക എന്നീ ഇനത്തില്‍ 25 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. കെ.യു.ആര്‍.ഡി.എഫ്.സിയില്‍ നല്‍കാനുണ്ടായിരുന്ന 15 ലക്ഷം രൂപയും ഈ വര്‍ഷം തന്നെ അടവാക്കുന്നതാണ്. കരാര്‍കാരുടെ ബാക്കി കുടിശികയും സ്ഥലം അക്വിസിഷന്‍ സംബന്ധിച്ച് കഴിഞ്ഞകാലങ്ങളില്‍ വീഴ്ചവരുത്തിയിരുന്ന 53 ലക്ഷം രൂപയും മാത്രമാണ് പ്രധാന കുടിശ്ശികയായി ഉളളത്.

കഴിഞ്ഞ വര്‍ഷം നഗരസഭാതിര്‍ത്തിയിലെ റോഡ്, കാന എന്നിവ ഉള്‍പ്പെടെയുളള പൊതുമരാമത്ത് പണികള്‍ക്കായി 6 കോടിയോളം രൂപയ്ക്കുളള പദ്ധതികള്‍ നടപ്പിലാക്കിയിട്ടുളളതാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെയുളള ട്രഞ്ചിംഗ് ഗ്രൗണ്ടിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം ധ്രുതഗതിയില്‍ നടന്നു വരികയാണ്. ബി.എസ്.യു.പി പദ്ധതി പ്രകാരം സഹൃദയ കോളനി, എ.കെ.ജി കോളനി, ഗ്ലാസ് കോളനി എന്നിവിടങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. കൃഷിഭവനും മൃഗാശുപത്രി കെട്ടിടവും 9,35,37 എന്നീ വാര്‍ഡുകളില്‍ അംഗനവാടി കെട്ടിടങ്ങളും 3 വനിത വികസന കേന്ദ്രങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ നഗരസഭയ്ക്ക് സ്വന്തമായി ക്യാറ്റില്‍ പൗണ്ട് പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. തരിശു ഭൂമിയില്‍ നഗരസഭാ നേതൃത്വത്തില്‍ കൃഷിയിറയ്ക്കുകയുണ്ടായി. ഇത് സ്കൂള്‍ തലത്തിലും വ്യാപിപ്പിച്ചു.

നഗരസഭയ്ക്ക് പുതിയ ആംബുലന്‍സ് സ്വന്തമായി വാങ്ങിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ബഡ്ജറ്റില്‍ വിഭാവനം ചെയ്തിരുന്ന പത്തടിപാലത്തിനു സമീപം റസ്റ്റ്ഹൗസ്, കൂനംതൈ വനിതാ ഹോസ്റ്റല്‍, നോര്‍ത്ത് കളമശ്ശേരിയിലെ കമ്മ്യൂണിറ്റി ഹാള്,എച്ച്.എം.ടി ജംഗ്ഷനിലെ ഷോപ്പിംഗ് കോംപ്ലക്സ് പൂര്‍ത്തീകരണം, എച്ച്.എം.ടി ജംഗ്ഷനില്‍ പബ്ലിക് കംഫര്‍ട്ട് സ്റ്റേഷന്‍, സൗത്ത് കളമശ്ശേരിയില്‍ ഷോപ്പിംഗ് കോംപ്ലക്സ്, ആധുനിക രീതിയിലുളള ടൗണ്‍ഹാള്‍ നിര്‍മ്മാണം, ബസ് സ്റ്റാന്‍റ്, ലോറി പാര്‍ക്കിംഗ്, കങ്ങരപ്പടി ഷോപ്പിംഗ് കോംപ്ലക്സ് എന്നിവ അവിചാരിതമായ നിയമ തടസ്സങ്ങളും സാങ്കേതിക പ്രശ്നങ്ങളും കാരണം തുടക്കം കുറിയ്ക്കാനോ അല്ലെങ്കില്‍ പൂര്‍ത്തീകരിക്കാനോ കഴിഞ്ഞിട്ടില്ല. ഈ ബഹു വര്‍ഷ പദ്ധതികള്‍ ഈ കൗണ്‍സിലിന്‍റെ കാലാവധിയ്ക്കുളളില്‍ സാധ്യമായ എല്ലാവഴികളും ഉപയോഗിച്ച് എല്ലാവരുടേയും സഹകരണത്തോടെ പൂര്‍ത്തിയാക്കാനാകുമെന്ന് വിശ്വസിക്കുന്നു. മതിപ്പു ബഡ്ജറ്റില്‍ ഇവയുടെ തുടര്‍പ്രവര്‍ത്തനത്തിന് മതിയായ തുക വകയിരുത്തിയിട്ടുണ്ട്.

700 സ്ക്വയര്‍ ഫീറ്റിന് താഴെയുളള വീടുകളെ കെട്ടിട നികുതിയില്‍ നിന്നും ഒഴിവാക്കുമെന്ന നിര്‍ദ്ദേശം സര്‍ക്കാരംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ടോള്‍ ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു കഴിഞ്ഞു. ആധുനിക തരത്തിലുളള ബസ് സ്റ്റോപ്പും നിര്‍മ്മിച്ചിട്ടുണ്ട്.

സാമ്പത്തികമായി അതിഭദ്രതയുളള ഒരു നഗരസഭയാണ് ഇതെന്ന് അവകാശപ്പെടാന്‍ ആവില്ലെങ്കിലും വികസന പ്രവര്‍ത്തനത്തിന് സാമ്പത്തികം തടസ്സമല്ലാത്ത ഒരു നഗരസഭയാണിത്. പരിമിതമായ വിഭവങ്ങള്‍ പരമാവധി ജനോപകാരപ്രദവും ജനപ്രിയവുമായ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനാണ് നാം ലക്ഷ്യമിട്ടിട്ടുളളത്.

കഴിഞ്ഞ ബഡ്ജറ്റില്‍ പരാമര്‍ശിച്ചിട്ടുളളതും പൂര്‍ത്തിയാക്കാത്തതുമായ എല്ലാ പദ്ധതികളും തുടരുന്നതിനും ജനോപകാരപ്രദമായേക്കാവുന്ന ചില നൂതന പദ്ധതികളുമാണ് ഈ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവയില്‍ പ്രധാനപ്പെട്ടത് ചുവടെ സൂചിപ്പിക്കുന്നു.

നഗരവികസനം

നഗരഹൃദയം നാഷണല്‍ ഹൈവേ ഒഴിച്ച് ഇടതിങ്ങിയ റോഡുകളാലും നടപ്പാതകളില്ലാത്ത തെരുവോരങ്ങളാലും, അഴുക്കൊഴുകുന്ന കാനകളാലും നമ്മെ ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ പരിപൂര്‍ണ്ണമായ സഹകരണത്തോടെ മാത്രമെ ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കുവാന്‍ കഴിയൂ. 31.03.2011 വരെയുള്ള കണക്കുകള്‍ പ്രകാരം നഗരസഭയിലെ ആകെ റോഡുകളുടെ നീളം 525.45 കിലോമീറ്ററാണ് അതില്‍ മെറ്റല്‍ ചെയ്തിട്ടുള്ളത് 63.48 കിലോമീറ്ററും, ടാറിംഗ്/കോണ്‍ക്രീറ്റിംഗ് നടത്തിയിട്ടുള്ളത് 272.16 കിലോ മീറ്ററുമാണ്. വാഹനഗതാഗതം സാധ്യമായ റോഡുകള്‍ 105.18 കിലോ മീറ്ററും അല്ലാത്തവ 84.63 കീലോ മീറ്ററുമാണ്. റോഡു വികസനത്തിനും പുതിയ റോഡ് നിര്‍മ്മാണത്തിനും റോഡുകളുടെ മെയിന്‍റനന്‍സിനുമായി മതിപ്പു വര്‍ഷം നാല് കോടി 20 ലക്ഷം രൂപ വകയിരുത്തുന്നു. ഗതാഗത കുരുക്കു നിറഞ്ഞ ദേശീയ പാതയില്‍ റോഡു മുറിച്ചു കടക്കുക ഇന്ന് ഏറെ അപകടകരമാണ്. പ്രത്യേകിച്ച് ഓഫീസ് ജംഗ്ഷനിലും ഇടപ്പളളിയിലും കാല്‍നടക്കാര്‍ക്കും. ഈ സ്ഥലങ്ങളില്‍ ഭൂഗര്‍ഭപാതകള്‍ ഉണ്ടാക്കണമെന്ന് കേന്ദ്ര കേരള സംസ്ഥാന സര്‍ക്കാരുകളോട് നാം ആവശ്യപ്പെടേണ്ടതാണ്. ഹോമിയോ ഹോസ്പിറ്റല്‍, യുനാനി ഹോസ്പിറ്റല്‍, സ്വിമ്മിങ്ങ് പൂള്‍, സ്റ്റേഡിയം, ഫയര്‍ സ്റ്റേഷന്‍ ഇവ യാഥാര്‍ത്ഥ്യമാക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്.

വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലം അക്വയര്‍ ചെയ്യുന്നതിന് 2 കോടി രൂപ വകയിരുത്തുന്നു.

ആധുനിക ബസ് ഷെല്‍ട്ടറുകള്‍

ബി.ഒ.ടി അടിസ്ഥാനത്തില്‍ ഇപ്പോള്‍ നടപ്പിലാക്കി വരുന്ന പദ്ധതി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാപിപ്പിക്കും.

ചങ്ങമ്പുഴ പാര്‍ക്ക് നവീകരണം

നഗരസഭയിലെ പ്രധാന പാര്‍ക്കായ ചങ്ങമ്പുഴ പാര്‍ക്ക് ആധുനിക ലൈറ്റ് സംവിധാനങ്ങളോടെ നവീകരിക്കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തുന്നു.

നോര്‍ത്ത് കളമശ്ശേരിയില്‍ മാര്‍ക്കറ്റ് നവീകരണം

സമുചിതമായ മാറ്റങ്ങളോടെ കാലഘട്ടത്തിനനുസൃതമായി നിലവിലെ മാര്‍ക്കറ്റ് ആധുനീവത്ക്കരിക്കുന്നതാണ്.

നഗരസഭാ കെട്ടിടങ്ങളുടെയും സ്ഥലത്തിന്‍റെയും മെയിന്‍റനന്‍സും സംരക്ഷണവും

നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സുകള്‍ ഉള്‍പ്പെടെയുളള പഴയ കെട്ടിടങ്ങള്‍ മോടി പിടിപ്പിക്കുന്നതിനും ആസ്തി സംരക്ഷിക്കുന്നതിനും 30 ലക്ഷം രൂപ വകയിരുത്തുന്നു.

ഇന്‍ഡോര്‍ സ്റ്റേഡിയം

നോര്‍ത്ത് കളമശ്ശേരി ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനായി 25 ലക്ഷം രൂപ ആദ്യ ഘട്ടമായി വകയിരുത്തുന്നു. 2 വര്‍ഷകാലത്തിനുളളില്‍ മുഴുവന്‍ പണിയും പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

ചമ്പോക്കടവ് ബ്രിഡ്ജ് അപ്രോച്ച് റോഡ്

സംസ്ഥാന സര്‍ക്കാര്‍ ബ്രിഡ്ജിന്‍റെ പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് അപ്രോച്ച് റോഡിനായി 25 ലക്ഷം രൂപ വകയിരുത്തുന്നു.

കോമണ്‍ ഫെസിലിറ്റി സെന്‍റര്‍ എക്സറ്റന്‍ഷന്‍

26-ാം വാര്‍ഡില്‍ നിലവിലുളള കോമണ്‍ ഫെസിലിറ്റി സെന്‍റര്‍ രണ്ടു നില കൂടി പണിയുന്നതിന് 20 ലക്ഷം രൂപ വകയിരുത്തുന്നു.

ബാച്ച്ലേഴ്സ് ക്വാര്‍ട്ടേഴ്സ്

നഗരസഭാ ജീവനക്കാരില്‍ പലരും അന്യജില്ലകളില്‍ നിന്നെത്തുന്നവരാണ്. കളമശ്ശേരി പോലുളള നഗരങ്ങളില്‍ വര്‍ദ്ധിച്ച വാടകയും, വാടകമുറികളുടെ ലഭ്യതക്കുറവും പരിഗണിച്ച് ജീവനക്കാര്‍ക്ക് ഇത്തരം ബുദ്ധിമുട്ടുകളൊഴിവാക്കാനും നഗരസഭാതിര്‍ത്തിയില്‍ താമസിച്ച് സേവനലഭ്യത ഉറപ്പു വരുത്താനുമായി ഒരു ബാച്ച്ലര്‍ ക്വാര്‍ട്ടേഴ്സ് പണിയുന്നതാണ്. മെയ് മാസമാരംഭിച്ച് 2013 ജനുവരിയില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുളളത്. ഇതിലേക്കായി 10 ലക്ഷം രൂപ വകയിരുത്തുന്നു.

മിനി വനിതാ കേന്ദ്രം/കുടുംബശ്രീ പരിശീലന കേന്ദ്രം

കുടുംബശ്രീ അംഗങ്ങളുടെ ട്രെയിനിംഗുകള്‍ നടത്തുന്നതിന് നഗരസഭയില്‍ പരിശീലന കേന്ദ്രങ്ങളുടെ അഭാവം കണക്കിലെടുത്ത് ഇന്‍ഡസ്ട്രിയല്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ ഉപദേശാനുസരണം ഒരു മിനി വനിതാ കേന്ദ്രം/കുടുംബശ്രീ പരിശീലന കേന്ദ്രം നിര്‍മ്മിക്കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തുന്നു. രണ്ട് വര്‍ഷത്തിനുളളില്‍ പൂര്‍ത്തീകരിക്കാന്‍ ആകുമെന്ന് കരുതുന്നു.

ഹൈമാസ്റ്റ് ലൈറ്റ്

നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഹൈമാസ്റ്റ് സ്ഥാപിക്കുന്നതിലേക്കായി 40 ലക്ഷം രൂപ വകയിരുത്തുന്നു.

ഓഫീസ് നവീകരണം

മികച്ച പശ്ചാത്തല സൗകര്യവും, ഗുണ നിലവാരമുളള സമയബന്ധിത സേവനവും ഉറപ്പാക്കുന്നതിലേക്കായി ഓഫീസ് ആധുനികവല്‍ക്കരിക്കുന്നതാണ്. നമ്മുടെ നഗരസഭക്ക് മറ്റു സംസ്ഥാനങ്ങളിലെ പോലെ റേറ്റിങ്ങ് ലഭ്യമാക്കാനാകുമോ എന്ന് പരിശോധിക്കുകയും ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിനുമുളള നടപടിക്ക് തുടക്കം കുറിക്കുകയും ചെയ്യും. ഓഫീസില്‍ ക്യൂബിക്കല്‍ സംവിധാനം, മോഡേണ്‍ റാക്കിംഗ് സിസ്റ്റം, റിക്കോര്‍ഡ് റൂം എന്നിവ സജ്ജീകരിക്കും. ജനസേവന കേന്ദ്രത്തില്‍ വാട്ടര്‍ കൂളര്‍ സ്ഥാപിക്കും. കൗണ്‍സില്‍ ഹാളില്‍ കൗണ്‍സിലേഴ്സിന് നെയിം ബോര്‍ഡുകള്‍ സ്ഥാപിക്കും. വനിതാ കൗണ്‍സിലേഴ്സിന് പ്രത്യേക റൂം സംവിധാനം ഏര്‍പ്പെടുത്തും. സ്റ്റാഫിന് ഉച്ചഭക്ഷണം കഴിക്കുന്നതിനായി സൌകര്യ പ്രദമായ ഡൈനിംഗ് ഹാള്‍ സജ്ജമാക്കും. സ്റ്റാഫിന് ഐഡന്‍റിറ്റി കാര്‍ഡുകള്‍ നല്‍കും.

നഗരസഭയിലെ നിലവിലെ പെന്‍റിംഗ് ഫയലുകള്‍ പൂര്‍ണ്ണമായും തീര്‍പ്പ് കല്‍പ്പിക്കുന്നതിന് മെയ് മാസത്തില്‍ അദാലത്ത് നടത്തുന്നതാണ്.

മിനി കോണ്‍ഫറന്‍സ് ഹാള്‍

ചെറിയ യോഗങ്ങള്, സ്റ്റാഫ് മീറ്റുംഗുകള്, മറ്റ് അടിയന്തിര യോഗങ്ങള്, സ്റ്റിയറിംഗ് കമ്മിറ്റികള്‍ എന്നിവയ്ക്കായി നഗരസഭാ കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ ഇപ്പോഴുളള ഹാള്‍ മിനി കോണ്‍ഫറന്‍സ് ഹാളായി മാറ്റുന്നതാണ്. ഇതിലേക്കായി 15 ലക്ഷം രൂപ വകയിരുത്തുന്നു.

സമ്പൂര്‍ണ്ണ ഓഫീസ് കമ്പ്യൂട്ടറൈസേഷന്‍

സമ്പൂര്‍ണ്ണ ഓഫീസ് കമ്പ്യൂട്ടറൈസേഷനിലൂടെ വിവര സാങ്കേതിക വിദ്യയുടെ അതിനൂതനമായ തന്ത്രങ്ങള്‍ ഉപയോഗിച്ച് സുതാര്യവും കാര്യക്ഷമവും അഴിമതി രഹിതവുമായ സമയ ബന്ധിത സേവനം പ്രധാനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

ഓഫീസിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്ക്കരിക്കുയാണ്. ഫയലുകളുടെ നീക്കം അറിയുന്നതിന് ആഫീസില്‍ വരാതെ തന്നെ ഇന്‍റര്‍നെറ്റുവഴിയോ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അറിയാവുന്നതാണ്. ഫയലിന്‍റെ അവസ്ഥ അറിയുന്നതിന് ആഫീസില്‍ സ്ഥാപിക്കുന്ന ടച്ച് സ്ക്രീന്‍ സംവിധാനം ഉപയോഗിക്കാവുന്നതാണ്. കെട്ടിട നികുതി, നികുതി കുടിശ്ശിക, കെട്ടിടങ്ങളുടെ വിവരണം ഉടമസ്ഥാവകാശം എന്നിവ ഇന്‍റര്‍നെറ്റിലൂടെ ലഭ്യമാക്കുകയാണ്. നികുതിദായകര്‍ തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളില്‍ നികുതി അടയ്ക്കാവുന്ന വിധത്തില്‍ ഇ-പേമെന്‍റ് സംവിധാനം നടപ്പാക്കുന്നതാണ്. മുനിസിപ്പല്‍ കെട്ടിടങ്ങളുടെ ലൈസന്‍സ് ഫീസും ഇപ്രകാരം അടയ്ക്കാവുന്നതാണ്. കൂടാതെ സാമൂഹ്യ ക്ഷേമപെന്‍ഷനുകള്‍ സംബന്ധിച്ച വിവരങ്ങള്‍, ഡി & ഒ ലൈസന്‍സുകള്‍, വിവാഹ രജിസ്ട്രേഷന്, ജനന-മരണ രജിസ്ട്രേഷനുകള്‍ എന്നിവയും കമ്പ്യൂട്ടര്‍വല്‍ക്കരിക്കുകയാണ്. വിവിധ അപേക്ഷകള്‍ നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. വിവിധ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഫോറങ്ങള്‍ വിവാഹ രജിസ്ട്രേഷന്‍, ജനന മരണ രജിസ്ട്രേഷന്‍ ടൗണ്‍ഹാള്‍ ബുക്കു ചെയ്യല്‍ ഡി & ഒ ലൈസന്‍സ് തുടങ്ങിയവയ്ക്കുളള ഫോറങ്ങള്‍ നഗരസഭയുടെ വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിച്ചാലുടന്‍ തന്നെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍, ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍, മാര്യേജ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ലഭിക്കുന്നതിനും സൗകര്യമൊരുക്കുന്നതാണ്. നഗരസഭയില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്ക് കൃത്യമായ സമയക്രമവും മുന്‍ഗണനാ ക്രമവും ഉറപ്പാക്കും. പൌരാവകാശരേഖ കാലോചിതമായി പുതുക്കും. ജനങ്ങളുടെ പരാതിയ്ക്ക് പ്രത്യേക (പരാതി പരിഹാര സെല്‍ ) സംവിധാനം ഏര്‍പ്പെടുത്തുന്നതാണ്. ഇതിലേക്കായി മൊത്തം 21 ലക്ഷം രൂപ വകയിരുത്തുന്നു.

ഇ-ഗവേണന്‍സ്

നഗരസഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളും കമ്പ്യൂട്ടറിന്‍റെ സഹായത്തോടെ നടപ്പാക്കുന്നതാണ്. നൂതന സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരിശോധിച്ച് കടലാസ് രഹിത ഓഫീസ് നടപ്പാക്കുന്നതിനുളള ആദ്യപടിയായി എല്ലാ സെക്ഷനുകള്‍ക്കും കമ്പ്യൂട്ടര്‍ നല്‍കും. കൂടാതെ നഗരസഭയുടെ തനതായ വെബ്സൈറ്റ് പരിഷ്കരിച്ച് ആഫീസിന്‍റെ സര്‍വ്വ പ്രവര്‍ത്തനങ്ങളും സുതാര്യമാക്കും. ടെണ്ടര്‍ നടപടി ക്രമങ്ങള്‍, കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍, നഗരസഭാ പ്രധാന വാര്‍ത്തകള്‍ എന്നിവയും വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്.

2012 ഏപ്രില്‍ മുതല്‍ 2005-ന് ശേഷം ഈ നഗരസഭയില്‍ ജനനം രജിസ്റ്റര്‍ ചെയ്ത എല്ലാ കുട്ടികളുടേയും ജനന സര്‍ട്ടിഫിക്കറ്റ് www.kalamasserymunicipality.in എന്ന വെബ്സൈറ്റിലൂടെ നേരിട്ട് ഡൗണ്‍ലോഡ് ചെയ്ത് കുട്ടികളുടെ സ്കൂള്‍ അഡ്മിഷനായി ഉപയോഗിക്കാവുന്നതാണ്. ഇതിലേക്കായി നഗരസഭയില്‍ അപേക്ഷ കൊടുക്കേണ്ടതില്ല.

എം.ഗവേണന്‍സ്

കേരളത്തില്‍ ഇതാദ്യമായി, ഒരുപക്ഷേ ഇന്ത്യയില്‍ തന്നെ ആദ്യമായി നഗരസഭയില്‍ സമര്‍പ്പിക്കുന്ന വിവിധ അപേക്ഷകള്‍ സംബന്ധിച്ച വിവരങ്ങള്‍ മൊബൈലിലൂടെ തത്സമയം ലഭ്യമാക്കുന്നതിന് സംവിധാനമൊരുക്കുകയാണ് കളമശ്ശേരി എം. ഗവേണന്‍സിലൂടെ. ഏതൊരപേക്ഷ നഗരസഭയില്‍ സമര്‍പ്പിച്ചാലും ഫയല്‍ നമ്പര്‍, അടച്ച തുക എന്നിവ തത്സമയം മൊബൈലില്‍ മെസേജ് ആയി ലഭിക്കുന്നതാണ്. അപേക്ഷയിലെ ന്യൂനതകള്‍, അടയ്ക്കേ തുക സംബന്ധിച്ച വിവരങ്ങള്‍, ഫയലിന്‍റെ തീര്‍പ്പ് എന്നിവയുടെ സംക്ഷിപ്തവും മൊബൈല്‍ ഫോണിലൂടെ ലഭ്യമാക്കുകയാണ്. ഇതുമൂലം അപേക്ഷകര്‍ക്ക് നേരിട്ട് ഫയല്‍ സംബന്ധിച്ച വ്യക്തമായ വിവരം തത്സമയം തന്നെ ലഭിക്കുന്നതാണ്. ഈ സംവിധാനം കാര്യക്ഷമവും അഴിമതിരഹിതമായ സേവന ലഭ്യത മാത്രമല്ല പ്രദാനം ചെയ്യുന്നത് മറിച്ച് നഗരവാസികളും നഗരസഭയും തമ്മിലുളള ആരോഗ്യകരമായ ഒരു ബന്ധം ശക്തിപ്പെടുമെന്ന് വിശ്വസിക്കുന്നു.

ജി.ഐ.എസ്

ജി.ഐ.എസ്. വഴി പ്രോപ്പര്‍ട്ടി ടാക്സ് മാപ്പിംഗും സ്ഥലപര ആസൂത്രണവും നടപ്പാക്കും. സ്ഥലം സന്ദര്‍ശിക്കാതെ തന്നെ സാറ്റലൈറ്റിന്‍റെയും കമ്പ്യൂട്ടറിന്‍റേയും സഹായത്തോടെ കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ തത്സമയം നടപ്പിലാക്കാന്‍ കഴിയും. ജി.പി.എസ് സംവിധാനവും ഏര്‍പ്പെടുത്തുന്നതാണ്. ഇതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ വകയിരുത്തുന്നു.

കങ്ങരപ്പടിയില്‍ ഓഫീസ് എക്സറ്റന്‍ഷന്‍ കൌണ്ടര്‍

കങ്ങരപ്പടി വെറ്റിനറി ആശുപത്രിയോട് ചേര്‍ന്ന്, കളമശ്ശേരിയിലെ കിഴക്കന്‍ മേഖലയിലുളള നിവാസികളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് നഗരസഭയുടെ ഓഫീസ് എക്സറ്റന്‍ഷന്‍ കൗണ്ടര്‍ ആരംഭിക്കും. ഈ പ്രദേശത്ത് ഉളളവര്‍ക്ക് നഗരസഭയില്‍ നിന്നും ലഭിക്കുന്ന എല്ലാവിധ സേവനങ്ങളും ഈ കൗണ്ടറില്‍ നിന്ന് ലഭിക്കുന്നതാണ്. ഇതിലേക്കായി 1 ലക്ഷം രൂപ വകയിരുത്തുന്നു.

രാരീരം പദ്ധതി

നഗരസഭയില്‍ ബി.പി.എല്‍ കുടുംബങ്ങളില്‍പ്പെട്ട 3 വയസ്സിനു താഴെ പ്രായമുളള കുട്ടികളുളള ഒരു കുടുംബത്തിന് സൗജന്യമായി ഒരു ബേബി - മസ്കിറ്റോ നെറ്റ് നല്‍കും. ഇതിലേക്കായി 2 ലക്ഷം രൂപ വകയിരുത്തുന്നു.

ആയൂര്‍വ്വേദ ആരോഗ്യ കിറ്റ്

ബി.പി.എല്‍ കുടുംബങ്ങളില്‍പ്പെട്ട 60 വയസ്സ് കഴിഞ്ഞ വൃദ്ധജനങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണത്തിനായി ആയൂര്‍വ്വേദ വകുപ്പിന്‍റേയും, കുടുംബശ്രീയുടേയും സഹകരണത്തോടെ വര്‍ഷത്തില്‍ 2 പ്രാവശ്യം ആയൂര്‍വ്വേദ കിറ്റ് വിതരണം ചെയ്യുന്നതാണ്. ഇതിലേക്കായി 5 ലക്ഷം രൂപ വകയിരുത്തുന്നു.

ജലധാര

കളമശ്ശേരിയില്‍ ഒരു ഭാഗത്ത് വാണിജ്യാടിസ്ഥാനത്തില്‍ കുടിവെളളം വില്‍ക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് കുടിവെളളമില്ലാതെ വലയുന്ന കാഴ്ചയാണുളളത്. കുടിവെളള ക്ഷാമത്തിന്‍റെ അടിസ്ഥാന കാരണം സംബന്ധിച്ച നമ്മുടെ കാഴ്ച്ചപാടില്‍ മൌലികമായ മാറ്റങ്ങള്‍ ഉണ്ടായാല്‍ മാത്രമേ കുടിവെളള ക്ഷാമം ശാശ്വതമായി പരിഹരിക്കപ്പെടുകയുളളൂ. കുറഞ്ഞത് 100 മീറ്റര്‍ പരിധിയിലെങ്കിലും ഒരു ശുദ്ധജല സ്രോതസ്സ് വേണ്ടതാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി നിലവിലെ ചെറുകുളങ്ങള്‍ വൃത്തിയായി സംരക്ഷിക്കുകയും അവയില്‍ നിന്നും ജലം ശേഖരിച്ച് ക്ഷാമം പരിഹരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതിയാണ് ജലധാര. കുളങ്ങള്‍ ശുദ്ധജല സ്രോതസ്സായി രക്ഷിക്കപ്പെടുന്നതിനോടൊപ്പം 15 കുഴല്‍ക്കിണറുകള്‍ നിര്‍മ്മിക്കുന്നതിനും, ടാങ്കര്‍ ലോറി വാങ്ങി നഗരസഭ വേണ്ടുന്ന സ്ഥലത്ത് ജലമെത്തിക്കുന്ന പദ്ധതിക്കും കൂടി ആകെ 65 ലക്ഷം രൂപ വകയിരുത്തുന്നു. കുടിവെളള പൈപ്പു കണക്ഷന്‍ ഇല്ലാത്ത നഗരസഭയിലെ താഴ്ന്ന വരുമാനക്കാര്‍ / ബി.പി.എല്‍ പട്ടികയില്‍പ്പെട്ടവരുടേയും മുഴുവന്‍ വീടുകള്‍ക്കും സൗജന്യ പൈപ്പ് കണക്ഷന്‍ നല്‍കുന്നതിനുളള നടപടികള്‍ സര്‍ക്കാര്‍ അനുമതിക്ക് വിധേയമായി നടപ്പാക്കുന്നതാണ്. നിലവിലുളള പബ്ലിക് ടാപ്പുകള്, ബന്ധപ്പെട്ട വാര്‍ഡുകളിലെ കൗണ്‍സിലര്‍ ഉള്‍പ്പെടെയുളള കൌണ്‍സില്‍ സമിതി പരിശോധിച്ച്, വളരെ അത്യാവശ്യമായവ ഒഴിച്ച് നിര്‍ത്തലാക്കുന്നതാണ്.

മലിനീകരണ നിയന്ത്രണം

കേരളത്തിന്‍റെ വ്യവസായ സിരയായ കളമശ്ശേരിയില്‍ അന്തരീക്ഷ മലിനീകരണം ആരോഗ്യ മേഖലയില്‍ ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ നാം ശാസ്ത്രീയമായ ഒരു സമീപനവും കൈകൊണ്ടിട്ടില്ല. പ്ലാസ്റ്റിക്ക് ക്യാരീബാഗിന്‍റെ അമിതമായ ദുരുപയോഗം നാം ലഘൂകരിച്ചേ മതിയാവൂ. ഇക്കാര്യത്തില്‍ നഗരസഭ കര്‍ശനമായ നടപടികളും ബോധവത്ക്കരണ പരിപാടികളും ആസൂത്രണം ചെയ്യും. ഇക്കാര്യത്തില്‍ വ്യാപാരി വ്യവസായികള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ തട്ടുകളിലേയും ജനങ്ങളുടെ സഹകരണത്തോടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതാണ്. കളമശ്ശേരിയിലെ വ്യവസായികാന്തരീക്ഷം ഭൗമാന്തരീക്ഷത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കുന്നതാണ്. ക്ലീന്‍ ഡവലപ്പ്മെന്‍റ് മെക്കാനിസം(സി.ഡി.എം ബെനിഫിറ്റ്സ്) വഴി അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈഓക്സൈഡിന്‍റെ അളവ് അറിയാനും ക്രമീകരിക്കാനുമുളള ടെക്നിക്കുകള്‍ ഡയറക്ടറേറ്റ് ഓഫ് എന്‍വയോണ്‍മെന്‍റ് & ക്ലൈമറ്റ് ചെയ്ഞ്ചിന്‍റെയും സെന്‍ട്രല്‍ മിനിസ്ട്രി ഓഫ് എന്‍വയോണ്‍മെന്‍റ് ഫോറസ്ട്രിയുടെയും, സംസ്ഥാന സര്‍ക്കാരിന്‍റെയും സാങ്കേതിക സാമ്പത്തിക സഹായത്തോടെ നടപ്പാക്കും.ഇതിലേക്കായി 10 ലക്ഷം രൂപ വകയിരുത്തുന്നു.

വഴിയോരത്തണല്‍മര പദ്ധതി

സോഷ്യല്‍ ഫോറസ്ട്രി, കേരള പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്‍റ്, നാഷണല്‍ ഹൈവേ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ വഴിയോരത്തണല്‍മര പദ്ധതി പ്രാവര്‍ത്തികമാക്കും. ഈ സംരംഭത്തില്‍ എല്ലാ റെസിഡന്‍സ് അസോസിയേഷനുകള്, എന്‍.ജി.ഒ, സ്കൂള്‍കോളേജ് തല എന്‍.എസ്.എസ്, എന്‍.സി.സി, സ്കൗട്ട് എന്നിവരുടെ സഹകരണം ഉറപ്പാക്കും.

മാലിന്യ സംസ്ക്കരണം

മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ സംസ്ക്കരിക്കുന്നതിനു വേണ്ടിയുളള നടപടികള്‍ ശക്തിപ്പെടുത്തുന്നതിന് സെമിനാറുള്‍പ്പെടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തും.കമ്പോസ്റ്റു വളംനിര്‍മ്മാണം, പൈപ്പ് കമ്പോസ്റ്റ്, ബക്കറ്റ് കമ്പോസ്റ്റ് തുടങ്ങിയവ പ്രോത്സാഹിപ്പിക്കും. ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്‍റ് സ്ഥാപിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സബ്സിഡി ഉള്‍പ്പെടെ ചെലവിന്‍റെ 75% തുക സര്‍ക്കാരനുമതിയോടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.

ഖരമാലിന്യ സംസ്ക്കരണപ്ലാന്‍റ്

ജെനൂറാം പദ്ധതിയുടെ ഭാഗമായി ഇതിന്‍റെ പ്രവൃത്തി അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 4 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കുന്ന ഖരമാലിന്യ സംസ്ക്കരണ പ്ലാന്‍റ് ഉടന്‍ തന്നെ പൂര്‍ത്തിയാക്കുന്നതാണ്. വിന്‍ഡ്രോ കമ്പോസ്റ്റിംഗ്, ബയോഗ്യാസ് സംവിധാനം എന്നിവയും പ്ലാസ്റ്റിക് സംസ്ക്കരണത്തിനായി ഷ്രഡിംഗ് യൂണിറ്റും, ബെയിലിംഗ് യൂണിറ്റും സ്ഥാപിക്കുന്നതാണ്. പ്ലാന്‍റിന്‍റെ മുഴുവന്‍ പണിയും 2013-2014-നുളളില്‍ തീരുമെന്ന് വിശ്വസിക്കുന്നു.

പബ്ലിക് കംഫര്‍ട്ട് സ്റ്റേഷന്‍

നഗരസഭ മാര്‍ക്കറ്റിനോടനുബന്ധിച്ചുളള സ്ഥലത്ത് പേ & യൂസ് സമ്പ്രദായത്തില്‍ പബ്ലിക് കംഫര്‍ട്ട് സ്റ്റേഷന്‍ പണിയുന്നതാണ്.

ഇ-ടോയ്ലെറ്റ്

പരീക്ഷണാര്‍ത്ഥം മതിപ്പു വര്‍ഷം തന്നെ നഗരസഭാ പ്രദേശത്ത് ഇ-ടോയ്ലെറ്റ് സംവിധാനം നടപ്പാക്കും. ഇതിലേക്കായി 5 ലക്ഷം രൂപ വകയിരുത്തുന്നു.

അറവുശാല നിര്‍മ്മാണം

അറവുശാല നിര്‍മ്മാണത്തിന് 15 ലക്ഷം രൂപ വകയിരുത്തുന്നു.

മെഡിക്കല്‍ ലാബ്

നഗരസഭാ ഹെല്‍ത്ത് സെന്‍ററില്‍ സൗജന്യ മെഡിക്കല്‍ ലാബിന്‍റെ അഭാവം ഇന്നാട്ടിലേക്ക് പാവപ്പെട്ട ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകളേറെ ഉണ്ടാക്കുമെന്ന് മനസ്സിലാക്കി ഹെല്‍ത്ത് സെന്‍ററിനോടനുബന്ധിച്ച് ആധുനിക രീതിയിലുളള മെഡിക്കല്‍ ലാബ് സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയോടെ നടപ്പാക്കും. ലാബ് മതിപ്പു വര്‍ഷം തന്നെ പ്രവര്‍ത്തനസജ്ജമാക്കാനാകും. ഇതിലേക്കായി 2 ലക്ഷം രൂപ വകയിരുത്തുന്നു.

കൊതുകു നിവാരണ പദ്ധതി

കാന ശുചിയാക്കല്, വെളളക്കെട്ട് ഒഴിവാക്കല്, വഴിയോരങ്ങളിലെ പാഴ്ച്ചെടി ഒഴിവാക്കല്, കാനകളിലെ വെളളപ്പൊക്ക നിയന്ത്രണം, മരുന്ന് വാങ്ങല്‍ ആധുനികരീതിയിലുളള സ്പ്രേയിംഗ് മെഷീന്, ഫോഗിംങ്ങ് മെഷീന്‍ എന്നിവ സജ്ജമാക്കികൊണ്ട് ശാസ്ത്രീയവും, ആധുനികവുമായ പദ്ധതി നടപ്പിലാക്കുന്നതിനായി 33 ലക്ഷം രൂപ വകയിരുത്തുന്നു.

പകര്‍ച്ചവ്യാധികള്‍ ബോധവല്ക്കരണം

മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതിന് ബോധവല്ക്കരണ പ്രവര്‍ത്തനത്തിനായി 50000 രൂപ വകയിരുത്തുന്നു.

ലേബര്‍ ബാങ്ക്

നഗരസഭാ പരിധിയിലെ വിവിധ ജോലികളില്‍ വൈദഗ്ദ്യമാര്‍ന്നവരെ രജിസ്ട്രേഷന്‍ നടത്തി അവരെ ആവശ്യമുളള സ്ഥാപനങ്ങളെ നേരിട്ട് ബന്ധപ്പെടുത്തുന്ന പദ്ധതിയാണ്. ഈ പദ്ധതി സര്‍ക്കാര്‍ ജോലിയോ, സ്ഥിരമായ ജോലിയോ വാഗ്ദാനം ചെയ്യുന്നില്ല. തൊഴില്‍ദായകര്‍ക്ക് തൊഴിലാളികളെ പരിചയപ്പെടാന്‍ ഈ പദ്ധതി സഹായമാകുമെന്ന് വിശ്വസിക്കുന്നു. ഈ പദ്ധതിക്കുളള രജിസ്ട്രേഷന്‍ തുടങ്ങിയ പ്രാരംഭ പ്രവര്‍ത്തനത്തിനായി 1 ലക്ഷം രൂപ വകയിരുത്തുന്നു.

ജോബ് ഫെസ്റ്റ്

450-ല്‍ അധികം ചെറുകിട വ്യവസായ സ്ഥാപനങ്ങളും, പല മേജര്‍ വ്യവസായങ്ങളും പ്രവര്‍ത്തിക്കുന്ന കളമശ്ശേരി നഗരസഭയില്‍ ഈ മേഖലയില്‍ അനുബന്ധ പ്രവര്‍ത്തികള്‍ക്കായി ആവശ്യമുളള വിദഗ്ധരെ കളമശ്ശേരി നഗരസഭാതിര്‍ത്തിയില്‍ നിന്നും കണ്ടെത്തുന്നതിനും പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ടും നഗരസഭ ഒരുക്കുന്ന ഈ നൂതന പദ്ധതിക്കായി 2 ലക്ഷം രൂപ വകയിരുത്തുന്നു. ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ജോലിയോ, സ്ഥിരമായ ജോലിയോ വാഗ്ദാനം ചെയ്യുന്നില്ല.

ചലച്ചിത്ര ക്ലബ്ബ്

ഇന്ന് കളമശ്ശേരിയില്‍ നല്ല സിനിമാ തിയേറ്ററുകളും നിലവാരമുളള സിനിമാ പ്രദര്‍ശനവും അപൂര്‍വ്വമാണ്. യുവ സമൂഹത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന സിനിമയെന്ന മാധ്യമത്തിന്‍റെ ആരോഗ്യകരമായ വളര്‍ച്ചയും ആസ്വാദനവും പരിപോഷിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് നഗരസഭയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന പദ്ധതിയാണ് ചലച്ചിത്ര ക്ലബ്ബ്. ചലച്ചിത്ര അക്കാദമിയുടേയും കെ.എസ്.എഫ്.ഡി.സിയുടേയും സഹായസഹകരണങ്ങളോടെ രൂപം നല്‍കുന്ന ചലച്ചിത്ര ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ പ്രതിമാസ ക്ലാസിക് ചലച്ചിത്ര പ്രദര്‍ശനവും, ചര്‍ച്ചകളും, ചലച്ചിത്ര രംഗത്തെ വിദഗ്ദരുടെ സാന്നിദ്ധ്യവും അനുഭവം പങ്കു വെയ്ക്കലുകളുമാണ് ഉദ്ദേശിച്ചിട്ടുളളത്. 2 ലക്ഷം രൂപ വകയിരുത്തിയിട്ടുളള ചലച്ചിത്ര ക്ലബ്ബിന്‍റെ ഉത്ഘാടനം മെയ് മാസം നടത്തുന്നതാണ്.

സാന്ത്വനം

നഗരപരിധിയിലെ വികലാംഗര്‍ക്കും, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുമുളള ആശ്വാസ പദ്ധതിയാണ് സാന്ത്വനം. ഇവര്‍ക്കായുളള പ്രത്യേക ആരോഗ്യ പരിചരണവും ഉപകരണ വിതരണവും കുടുംബശ്രീയുടെ സഹായത്തോടെ ബഡ് സ്കൂളും ഈ പദ്ധതിയിലൂടെഉദ്ദേശിക്കുന്നു. ഇതിലേക്കായി മതിപ്പു വര്‍ഷത്തില്‍ 5 ലക്ഷം രൂപ വകയിരുത്തുന്നു.

മാലിന്യ സംസ്ക്കരണത്തിലേര്‍പ്പെട്ടിട്ടുളള കുടുംബശ്രീ അംഗങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം

ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം സംരംഭത്തിലകപ്പെട്ടിട്ടുളള കുടുംബശ്രീ അംഗങ്ങളുടെ കുട്ടികള്‍ക്ക് (ഒരംഗത്തിന്‍റെ പരമാവധി രണ്ടു കുട്ടികള്‍ക്ക്) സ്കൂള്‍തലത്തില്‍ അദ്ധ്യായന വര്‍ഷാരംഭത്തില്‍ 300/-രൂപയും ഉപരിപഠനത്തിന് 500/- രൂപയും ഐ.ടി.ഐ., പോളിടെക്നിക്കുകളിലെ കുട്ടികള്‍ക്ക് 500/-രൂപയും, പോസ്റ്റ് ഗ്രാജുവേഷന്, പ്രൊഫഷണല്‍ കോഴ്സുകളിലെ(എഞ്ചിനീയറിംഗ്, മെഡിസിന്, ലോ) 1000/-രൂപയും സര്‍ക്കാര്‍ അനുവാദത്തോടെ ധനസഹായമായി നല്‍കും. ഇതിലേക്കായി 2 ലക്ഷം രൂപ വകയിരുത്തുന്നു.

ആശ്രയ

നഗരസഭപരിധിയിലെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ തെരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനകുടുംബങ്ങളുടേയും, വ്യക്തികളുടേയും സമഗ്രമായ പരിപാലനം ലക്ഷ്യമിട്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍നടത്തുന്ന ആശ്രയപദ്ധതിക്കായി മതിയായ തുക വകയിരുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഈ പദ്ധതിയിലൂടെ 53 കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷണവും, ചികിത്സയും ലഭ്യമാക്കിയിട്ടുണ്ട്.

വൃദ്ധജനപകല്‍ സംഗമകേന്ദ്രം

വിവിധ ജോലികളില്‍ നിന്നും വിരമിച്ചവരുള്‍പ്പെടെയുളള വന്ദ്യവയോജനങ്ങളുടെ ക്ഷേമ ഐശ്വര്യത്തിനും, വാര്‍ദ്ധക്യത്തിന്‍റെ വിരസത ഒഴിവാക്കുന്നതിനും വൃദ്ധജന പകല്‍ സംഗമ കേന്ദ്രം നഗരസഭാഭിമുഖ്യത്തില്‍ ആരംഭിക്കുന്നതാണ്. ഈ കേന്ദ്രത്തില്‍ വൃദ്ധജനങ്ങള്‍ക്ക് ലൈബ്രറി സൗകര്യം, ടി.വി., ക്യാരംസ് തുടങ്ങിയ റിക്രിയേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ഒന്നിച്ചു കൂടുവാനും ഓര്‍മ്മകളും ആശയങ്ങളും പങ്കുവയ്ക്കുവാനും സീനിയര്‍ സിറ്റിസണ്‍സ് എന്ന രീതിയില്‍ നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാനും ഈ കേന്ദ്രം ഉപയുക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു. ലൈബ്രറി ഹാളിനോട് ചേര്‍ന്ന് ടി കേന്ദ്രം സജ്ജമാക്കും.

പാലിയേറ്റീവ് കെയര്‍ യൂണിറ്റ്

ക്യാന്‍സര്‍ രോഗം ബാധിച്ചവര്‍ക്ക് ആശ്വാസം നല്‍കുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റ് നഗരസഭാതിര്‍ത്തിയില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഈ ബഡ്ജറ്റില്‍ 5 ലക്ഷം രൂപ വകയിരുത്തുന്നു.

അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി

50 ലക്ഷം രൂപയുടെ തൊഴിലുറപ്പു പദ്ധതികള്‍ ഈ വര്‍ഷം ആവിഷ്കരിക്കുന്നു.

വിദ്യാഭ്യാസം

ഗുണമേന്മയുളള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. അക്കാദമിക്ക് നിലവാരം ഉയര്‍ത്താനും കലാകായിക വാസനകള്‍ വളര്‍ത്തുന്നതിനും നഗരസഭ ബദ്ധശ്രദ്ധമാണ്. മാറുന്ന കാലഘട്ടത്തിനനുസൃതമായി നൂതന പദ്ധതികള്‍ ആവിഷ്കരിച്ച് കലാ കായിക ശേഷി ഉയര്‍ത്തുന്നതിനും അതുവഴി യുവാക്കളുടെ ആത്മവിശ്വാസം വളര്‍ത്തുന്നതിനുമാണ് നഗരസഭാ കൗണ്‍സില്‍ ലക്ഷ്യമിടുന്നത്. എസ്.എസ്.എയില്‍ ഉള്‍പ്പെടുത്തി പുതിയ ക്ലാസ് റൂമുകള്,ഗേള്‍ ഫ്രണ്ട് ലി ടോയ്ലെറ്റുകള്,ഫര്‍ണിച്ചര്‍ എന്നീ സംവിധാനങ്ങള്‍ നടത്തുന്നതാണ്. പദ്ധതികള്‍ നഗരസഭയുമായി കൂടിയാലോചിച്ച് പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സമയാധിഷ്ഠിതമായി എത്തിക്കുന്നതിനും ഈ രംഗത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും എസ്.എസ്.എ.ശ്രദ്ധിക്കേണ്ടതുണ്ട്.

കളരി

സ്പോര്‍ട്സ് കൗണ്‍സിലുകള്‍ കായികരംഗത്ത് പുത്തനുണര്‍വ് സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ എന്തുകൊണ്ടോ നഗരസഭാ തലത്തില്‍ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ക്ക് സംയോജിച്ച് അധിക പദ്ധതികളാവിഷ്കരിക്കാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാന-ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളുടെ സഹായത്തോടും ഉപദേശത്തിലും നഗരപരിധിയിലെ സര്‍ക്കാര്‍ സ്കൂളില്‍ നിന്നും കായിക മികവു തെളിയിച്ചിട്ടുളള തെരഞ്ഞെടുത്ത 50 വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികള്‍ക്ക് തുടര്‍കായിക പരിശീലനം ലക്ഷ്യമിടുന്ന നഗരസഭ പദ്ധതിയാണ് കളരി. ഇതിലേക്കായി 5 ലക്ഷം രൂപ വകയിരുത്തുന്നു. പുതിയ അദ്ധ്യായന വര്‍ഷം മുതല്‍ ഈ പദ്ധതി ആരംഭിക്കുന്നതാണ്.

ബാന്‍റ് സെറ്റ്

സര്‍ക്കാര്‍ ഹൈസ്കൂള്‍ തലത്തിലുളള തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ പരിശീലനം നല്‍കി ഒരു ബാന്‍റ് സെറ്റ് ഗ്രൂപ്പ് സജ്ജ്മാക്കുന്നതാണ്. ഇതിലേക്കു വേണ്ടുന്ന ഉപകരണങ്ങള്‍ പരിശീലനം എന്നിവയ്ക്കായി 5 ലക്ഷം രൂപ വകയിരുത്തുന്നു. അടുത്ത അക്കാദമിക് വര്‍ഷം തന്നെ ഈ പദ്ധതി ആരംഭിക്കുന്നതാണ്.

സ്പോര്‍ട്സ് കിറ്റ്

നഗരസഭാ പരിധിയിലെ വിവിധ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് സ്പോര്‍ട്സ് ഉപകരണങ്ങള്‍ നല്‍കുന്നതാണ്. പുതിയ അദ്ധ്യായന വര്‍ഷം മുതല്‍ ആരംഭിക്കുന്ന ഈ പദ്ധതിക്ക് 5 ലക്ഷം രൂപ വകയിരുത്തുന്നു.

പോഷകാഹാര പദ്ധതി

നഗരപരിധിയിലെ സര്‍ക്കാര്‍ സ്കൂളുകളിലെ എല്‍.പി. വിഭാഗം കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം പാല്, മുട്ട അല്ലെങ്കില്‍ നേന്ത്രപ്പഴം എന്നിവ നല്‍കുന്നതിന് 5 ലക്ഷം രൂപ വകയിരുത്തുന്നു. 2012-13 അദ്ധ്യായന വര്‍ഷം മുതല്‍ പോഷകാഹാര പദ്ധതി ആരംഭിക്കും.

സാഹിത്യ സംഗമം

നിരവധി സാഹിത്യ പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ നാടാണ് കളമശ്ശേരി. പ്രശസ്തരായി ഇവിടുത്തെ സാഹിത്യ പ്രതിഭകളെ ആദരിക്കുന്നതോടൊപ്പം യുവസാഹിത്യ പ്രതിഭകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിനും കേരളത്തിലെ മികച്ച സാഹിത്യകാരുടെ സംഗമ വേദിക്കുമായി ലക്ഷ്യമിട്ടുളള പദ്ധതിയാണ് സാഹിത്യ സംഗമം. കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിട്ടുളളത്. ഇതിലേക്കായി 2 ലക്ഷം രൂപ വകയിരുത്തുന്നു.

തേവയ്ക്കല്‍ എല്‍.പി. സ്കൂള്‍ നവീകരണം

തേവയ്ക്കല്‍ എല്‍.പി. സ്കൂളിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഴകിയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 20 ലക്ഷം രൂപ വകയിരുത്തുന്നു. പദ്ധതി രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ആകുമെന്ന് പ്രത്യാശിക്കുന്നു.

സ്റ്റുഡന്‍സ് പോലീസ്

സര്‍ക്കാരിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ആഭ്യന്തര വകുപ്പിന്‍റെ സഹായത്തോടെ ഹൈസ്കൂള്‍ തലത്തില്‍ പദ്ധതി നടപ്പിലാക്കാന്‍ 1 ലക്ഷം രൂപ വകയിരുത്തുന്നു.

സ്മാര്‍ട്ട് ക്ലാസ് റൂം

ആധുനികവല്ക്കരിച്ച കമ്പ്യൂട്ടര്‍ സംവിധാനത്തോടു കൂടിയ സ്മാര്‍ട്ട് ക്ലാസ് റൂമിന് 10ലക്ഷം രൂപ വകയിരുത്തുന്നു. ശീതീകരിച്ച മുറി, ആധുനിക രീതിയിലുളള ഫര്‍ണിച്ചര്, എല്‍.സി.ഡി പ്രോജക്ടര്, പഠന സി.ഡികള്‍ ഉള്‍പ്പെടെയുളള ഏറ്റവു പുതിയ സവിധാനം പഠന നിലവാരത്തെ ഉയര്‍ത്തുമെന്ന് പ്രത്യാശിക്കുന്നു.

ഹൈടെക് ലൈബ്രറി

അക്ഷര ചൈതന്യത്തിന്‍റെ പ്രകാശ കേന്ദ്രങ്ങളാണ് ലൈബ്രറി. കാലഘട്ടത്തിന്‍റെ വളര്‍ച്ചക്കനുസൃതമായ മുഖമാറ്റം ഇവയ്ക്കത്യന്താപേക്ഷിതമാണ്. വി.പി.മരയ്ക്കാര്‍ ലൈബ്രറി ഹൈടെക്ക് ആയി മാറ്റുന്ന പ്രവര്‍ത്തനത്തിന് നഗരസഭ 10 ലക്ഷം രൂപ വകയിരുത്തുന്നു. ലൈബ്രറിയുടെ അടിസ്ഥാന സൗകര്യ വികസനം ബുക്കുകള്‍ക്ക് റാക്കുകള്, ബാര്‍കോഡിംഗ്, റഫറന്‍സ് വിഭാഗം, ഫര്‍ണിച്ചര്, ഇന്‍റര്‍നെറ്റ് ഫെസിലിറ്റി, കുട്ടികളുടെ വിഭാഗം മത്സരപരീക്ഷകള്‍ക്കായി റഫറന്‍സ് വിഭാഗം, നെറ്റ് വഴി ബുക്കുകള്‍ റിസേര്‍വ്വ് ചെയ്യാനവസരം എന്നിവയും ലൈബ്രറിയുടെ റഫറന്‍സ് വിഭാഗം ശീതീകരിക്കുന്നതിനും തുക വകയിരുത്തുന്നു. ഈ വര്‍ഷം അംഗസംഖ്യ ഉയര്‍ത്തുന്നതിന് തീവ്രശ്രമമെന്ന രീതിയില്‍ മെമ്പര്‍ ഷിപ്പ് കാമ്പയിന്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ ആഭിമുഖ്യത്തില്‍ നടത്തുന്നതാണ്. ഇക്കാര്യത്തില്‍ എല്ലാ അക്ഷര സ്നേഹികളുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു. മതിപ്പു വര്‍ഷം നഗരസഭാ പരിധിയിലുളള അംഗീകൃത ലൈബ്രറികള്‍ക്ക് പുസ്തകം സൂക്ഷിക്കുന്നതിന് റാക്കുകളും ഫര്‍ണിച്ചറുകളും വിതരണം ചെയ്യും.

സാക്ഷരത

ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുല്യത പഠന പദ്ധതി തുടരുന്നതാണ്. സാക്ഷരതാ കേന്ദ്രങ്ങളില്‍ ഒരു പ്രാദേശിക ഭാഷാ പത്രം നല്‍കുന്നതാണ്. സാക്ഷരതാ പ്രവര്‍ത്തകര്‍ക്കുളള കൂടിയ നിരക്കിലുളള ഓണറേറിയം നല്‍കുന്നതാണ്. മൊത്ത് 4 ലക്ഷം രൂപ വകയിരുത്തുന്നു.
സ്കൂളുകളില്‍ ഒരു തുണ്ടു ഭൂമി ഒരു കൊച്ചു തോട്ടം പദ്ധതി
കൃഷി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സഹകരണത്തോടു കൂടി സ്കൂളുകളില്‍ പ്രിസിഷന്‍ ഫാമിംഗ്/ഗ്രീന്‍ ഹൗസ് (പച്ചക്കറി കൃഷി) സംവിധാനം എന്നിവ നടപ്പിലാക്കും. ഹൈടെക് കൃഷിയെപ്പറ്റി ബോധവല്ക്കരണവും പ്രചരണവും ലക്ഷ്യമിടുന്ന ഈ പദ്ധതിയ്ക്ക് 5 ലക്ഷം രൂപ വകയിരുത്തുന്നു.

സ്കൂള്‍ ഓഡിറ്റോറിയം

കളമശ്ശേരി ഗവണ്‍മെന്‍റ് വി.എച്ച്.എസ്. സ്കൂളില്‍ ഓഡിറ്റോറിയം നിര്‍മ്മിക്കും. ഇതിലേക്കായി 20 ലക്ഷം രൂപ വകയിരുത്തുന്നു. ഈ അക്കാദമിക് വര്‍ഷം പണിപൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ചേരി പരിഷ്കരണം

സഹൃദയ കോളനി, എ.കെ.ജി കോളനി, ഗ്ലാസ് കോളനി എന്നീ കോളനികളിലെ പദ്ധതി പ്രവര്‍ത്തനങ്ങല്‍ മതിപ്പു വര്‍ഷം പൂര്‍ത്തിയാക്കുന്നതാണ്. മറ്റു ചേരി പ്രദേശങ്ങളിലേയും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്.

കലാകായിക സംസ്കാരിക കേന്ദ്രം

നോര്‍ത്ത് കളമശ്ശേരി ഫെറി റോഡിന് സമീപമുളള നഗരസഭാ സ്ഥലത്ത് കലാകായിക പ്രവര്‍ത്തനങ്ങള്‍ക്കും, വിവിധ മീറ്റിംഗുകള്‍ക്കും വിവാഹാഘോഷങ്ങള്‍ക്കുമായി ഒരു കലാകായിക സാംസ്കാരിക കേന്ദ്രം നിര്‍മ്മിക്കുന്നതിന് 20 ലക്ഷം രൂപ വകയിരുത്തുന്നു.

കുടുംബശ്രീ

രണ്ട് സി.ഡി.എസും, 40 എ.ഡി.എസും, 239 അയല്‍കൂട്ടങ്ങളും ഏകദേശം അയ്യായിരത്തോളം അംഗങ്ങളുമുളള ഈ നഗരസഭയിലെ കുടുംബശ്രീ പ്രസ്ഥാനം ദാരിദ്ര്യ ലഘൂകരണത്തിലും സ്ത്രീ ശാസ്ത്രീകരണത്തിലും മുഖ്യ പങ്ക് വഹിക്കുന്നു. 267വ്യക്തികള്‍ക്ക് 2047874 രൂപ സബ്സിഡിയായി 28 ഗ്രൂപ്പുകള്‍ക്ക് 2744000 രൂപയും മാച്ചിംഗ് ഗ്രാന്‍റായി 175000 രൂപയും ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. പൂതുതായി 174 പേര്‍ക്ക് ധനസഹായമായി 3480000 രൂപയും പത്ത് ഗ്രൂപ്പുകള്‍ക്കായി മുപ്പത് ലക്ഷം രൂപയും സംരംഭങ്ങള്‍ക്കായി നല്‍കുന്നതാണ്. 100 പേര്‍ക്ക് മാച്ചിംഗ് ഗ്രാന്‍റും ലഭ്യമാക്കുന്നതാണ്. കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കുടുംബങ്ങളില്‍ എത്തിയ്ക്കുന്നതിനും മൈക്രോ സംരംഭങ്ങള്‍ വ്യാപിപ്പിക്കുന്നതിനും സ്വന്തമായി ട്രെയിനിംഗ് സെന്‍റര്‍ പണിയുന്നതിനും മതിയായ തുക വകയിരുത്തുന്നു. പേപ്പര്‍ ക്യാരി ബാഗ് നിര്‍മ്മാണ യൂണിറ്റ് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തുടങ്ങുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതാണ്. കാലഘട്ടത്തിനനുയോജ്യമായ തൊഴില്‍ പരിശീലനങ്ങള്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്നതാണ്. സര്‍ക്കാരില്‍ നിന്ന് ലഭ്യമാകുന്ന എസ്.ജെ.എസ്.ആര്‍.വൈ ഗ്രാന്‍റുകള്‍ ഉപയോഗിച്ച് സമയബന്ധിതമായി പ്രയോജനകരമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതാണ്.
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഇളനീര്‍ പാനീയപ്പന്തലുകള്‍ സ്ഥാപിക്കുന്നതിനുളള സാധ്യതകള്‍ ആരായും.

സാമൂഹ്യക്ഷേമ പദ്ധതികള്‍

വിവിധ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അര്‍ഹര്‍ക്ക് എത്തിക്കുന്നതില്‍ നഗരസഭ ബദ്ധശ്രദ്ധമാണ്. നിലവില്‍ വാര്‍ദ്ധക്യകാല പെന്‍ഷന്‍ (86), വിധവ പെന്‍ഷന്‍ (670),വികലാംഗ പെന്‍ഷന്‍ (249), അവിവാഹിതര്‍ക്കുളള പെന്‍ഷന്‍ (22), കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ (297) ആണ് നല്‍കി വരുന്നത്.

വിധവ അഗതി പെന്‍ഷന്‍ പ്രതിമാസം 525 രൂപയാക്കി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. വിധവകളുടെ പെണ്‍മക്കള്‍ക്കുളള വിവാഹധനസഹായം 20000/-രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. പുതുതായി ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട വൃക്കരോഗികള്‍ക്ക് പ്രതിമാസം 525/- രൂപ നിരക്കിലുളള പെന്‍ഷന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പരമാവധി ഉപഭോക്താക്കളെ കണ്ടെത്തി ഈ സഹായം നല്‍കുന്നതാണ്. മതിപ്പു വര്‍ഷം വികലാംഗപെന്‍ഷന്‍ 700/-രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. 80% അംഗവൈകല്യമുളളവര്‍ക്ക് 700 രൂപയും മറ്റുവികലാംഗ പെന്‍ഷന്‍ 525/-രൂപയുമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 80 വയസ്സു കഴിഞ്ഞ വൃദ്ധജനങ്ങള്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷന്‍ 900/-രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ആശാ വര്‍ക്കേഴ്സ്, പ്രീപ്രൈമറി അദ്ധ്യാപകര്, ആയമാര്‍ ഇവരുടെ വര്‍ദ്ധിത ശമ്പളം ലഭ്യമാക്കും. സാക്ഷരത പ്രേരക്, അസി.പ്രേരക്മാരുടെ കൂടിയ വേതനം നല്‍കും. സ്കൂള്‍ പാചകത്തൊഴിലാളികളുടെയും വര്‍ദ്ധിത നിരക്ക് നല്‍കും.

പുഷ്പഫല സസ്യ പ്രദര്‍ശന മേള

നഗരസഭാ പ്രദേശത്തെ വിവിധ സന്നദ്ധ സംഘടനകളുടേയും വ്യാപാരി വ്യവസായികളുടേയും ഹോര്‍ട്ടികോര്‍പ്പ്, റോസ് സൊസൈറ്റി കൃഷി വകുപ്പ് എന്നിവയുള്‍പ്പെടെയുളള വിവിധ സര്‍ക്കാര്, അര്‍ദ്ധ സര്‍ക്കാര്, വകുപ്പുകളുടെയും, ധനകാര്യ സ്ഥാപനങ്ങളുടേയും സഹായത്തോടെ കളമശ്ശേരിയില്‍ വിപുലമായ രീതിയില്‍ പുഷ്പഫല സസ്യപ്രദര്‍ശനമേള നടത്തുന്നതാണ്. ഇതിലേക്കായി 5 ലക്ഷം രൂപ വകയിരുത്തുന്നു.

പൈതല്‍ പദ്ധതി

നഗരസഭാ പരിധിയിലുളള അംഗന്‍വാടികളുടെ പശ്ചാത്തല സൗകര്യം പ്രവര്‍ത്തന നിലവാരവും മെച്ചപ്പെടുത്തുന്നതിനാവിഷ്കരിക്കുന്ന പദ്ധതിയാണ് പൈതല്‍. സ്ഥല ലഭ്യതയുളള വാര്‍ഡുകളില്‍ അംഗനവാടികള്‍ക്ക് സ്വന്തമായി കെട്ടിട നിര്‍മ്മാണം, കളിക്കോപ്പുകള്, ഫര്‍ണീച്ചര്, മെച്ചപ്പെട്ട പാചക സൗകര്യവും, സാധനങ്ങള്‍ സൂക്ഷിച്ചു വയ്ക്കുന്നതിനുളള സ്റ്റോര്‍ റൂം, ഫാനുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലേക്കായി മതിപ്പു വര്‍ഷം 3 ലക്ഷം രൂപ വകയിരുത്തുന്നു. സ്വന്തമായി കെട്ടിടമില്ലാത്ത അംഗനവാടികള്‍ക്ക് സാമൂഹ്യ ക്ഷേമവകുപ്പിന്‍റെ സഹായത്തോടെ മെച്ചപ്പെട്ട വാടക കെട്ടിടങ്ങളില്‍ അംഗനവാടികള്‍ക്കായി ഏര്‍പ്പെടുത്തുന്നതാണ്.

പൂരക പോഷകാഹാര പരിപാടി

സാമൂഹ്യ ക്ഷേമ വകുപ്പിന്‍റെ നേതൃത്വത്തിലുളള പൂരക പോഷകാഹാര പരിപാടികളും അനുബന്ധ പദ്ധതികളും മതിപ്പു വര്‍ഷവും തുടരുന്നതാണ്. ഇതിന് മതിയായ തുക വകയിരുത്തിയിട്ടുണ്ട്.

ഊര്‍ജ്ജ മേഖല

പരിധിയില്‍ തെരുവുവിളക്കുകള്‍ ഫലപ്രദമായ രീതിയിലാണ് വൈദ്യുതി ബോര്‍ഡിന്‍റെ സഹായത്തോടെ നടപ്പിലാക്കി വരുന്നത്. ഊര്‍ജ്ജ സംരക്ഷണത്തിന്‍റെ ഭാഗമായി നഗരസഭാ പരിധിയില്‍ സുപ്രധാന പ്രദേശങ്ങളില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതായിരിക്കും. ആദ്യഘട്ടമായി 10 ലക്ഷം രൂപ വകയിരുത്തുന്നു.

തെരുവു വിളക്കുകളുടെ പരിപാലനത്തിനും, സ്പെയര്‍ പാര്‍ട്ട്സ് വാങ്ങുന്നതിനും,ലൈന്‍ എക്സറ്റന്‍ഷനുകള്‍ക്കും പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്.

റിവര്‍ കോറിഡോര്‍

സായാഹ്നങ്ങള്‍ ചിന്തോദ്ദീപകമാക്കാനും മനസ്സിനെ പിരിമുറുക്കങ്ങളില്‍ നിന്നും മോചിപ്പിക്കാനും നഗരവാസികള്‍ക്ക് സകുടുംബം വിശ്രമത്തിന് ഒരു റിവര്‍ കോറിഡോര്‍ വിഭാവനം ചെയ്യുന്നു. ഇതിലേക്കായി 15 ലക്ഷം രൂപ വകയിരുത്തുന്നു. ആധുനിക തരത്തിലുളള എല്‍.ഇ.ഡി ലൈറ്റുകളും, തണല്‍മരങ്ങളും, പൂമരങ്ങളും, ചാരുകസേരകളും, കല്ലു വിരിച്ച നടപ്പാതയും ഒക്കെയായി വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതി ഒരു പരിധിവരെ ചെറുപുഴകളുടെയും, തോടുകളുടേയും സംരക്ഷവേദികൂടിയായിരിക്കുമെന്ന് വിശ്വസിക്കുന്നു. ഈ നദീതട കോറിഡോര്‍ പ്ലാസ്റ്റിക് വിമുക്ത മേഖല കൂടിയായിരിക്കും. ഈ കോറിഡോറില്‍ സാമൂഹ്യാവബോധം സൃഷ്ടിക്കുന്ന തരത്തില്‍ നദീതട സംരക്ഷണത്തിന്‍റേയും, പരിസ്ഥിതി സംരക്ഷണത്തിന്‍റേയും ബോധവല്ക്കരണ ബോര്‍ഡുകളും സ്ഥാപിക്കുന്നതാണ്. ജില്ലാ ടൂറിസം വികസന വകുപ്പിന്‍റെ ഉപദേശമനുസരിച്ചും, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ്, റവന്യൂ ഡിപ്പാര്‍ട്ട്മെന്‍റ് ഇവയുടെ സഹായത്തോടെയുമായിക്കും പദ്ധതി നടപ്പിലാക്കുന്നത്.

ഓണാഘോഷം

തിരുവോണത്തിന്‍റെ ഐതിഹ്യവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണ് തൃക്കാക്കര ക്ഷേത്രം. എന്നാല്‍ പ്രദേശത്തിന്‍റെ പ്രാധാന്യം അനുസരിച്ച് വിപുലമായ ഓണാഘോഷ ചടങ്ങുകള്‍ സംഘടിപ്പിക്കുവാനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ഈ കഴിഞ്ഞ വര്‍ഷമാണ്. ഓണാഘോഷം സമുചിതമായി ആഘോഷിക്കുന്നതിന് ഇക്കൊല്ലം 5 ലക്ഷം രൂപ വകയിരുത്തുന്നു. കേരള ടൂറിസം വകുപ്പിന്‍റെ സഹായത്തോടെ ആഘോഷപരിപാടികള്‍ നഗരസഭ ലക്ഷ്യമിടുന്നു.

വാതകശ്മശാനം

ആധുനിക മനുഷ്യ ജീവിതത്തിന്‍റെ സവിശേഷതകളില്‍ മരണവും സംസ്ക്കാരവും ഇന്ന് ഏറ്റവും വലിയ സാമൂഹ്യ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. പാവപ്പെട്ടവര്‍ക്കും, ഒരു തുണ്ടു ഭൂമി സ്വന്തമായില്ലാത്തവര്‍ക്കും, ഉറ്റവരോ, ബന്ധുമിത്രാദികളോ മരണപെട്ടാല്‍ സംസ്ക്കാരം ദുരിതപൂര്‍ണ്ണവും സാമ്പത്തിക ബാധ്യതയുളളതുമാവുന്നു. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് നവീന മാതൃകയിലുളള വാതകശ്മശാനത്തിന് നഗരസഭ ശ്രമങ്ങളാരംഭിച്ചത്. കഴിഞ്ഞ ബഡ്ജറ്റിലെ ഈ നിര്‍ദ്ദേശ പ്രകാരം പ്രാരംഭപ്രവര്‍ത്തനങ്ങളാരംഭിച്ചു. പ്ലാനും, എസ്റ്റിമേറ്റും തയ്യാറാക്കി എ.എസ്., ടി.എസ്. ഉം ലഭിക്കുകയുണ്ടായി. പ്രീ-ക്വാളിഫിക്കേഷന്‍ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. മതിപ്പുവര്‍ഷം ഡിസംബറോടെ പ്രവൃത്തി പൂര്‍ത്തിയാകുമെന്ന് വിശ്വസിക്കുന്നു. ഇതിനായി ഈ ബഡ്ജറ്റില്‍ 1.25 കോടി രൂപ വകയിരുത്തുന്നു. മതപരമായ ആചാരങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും മനോഹരമായ പശ്ചാത്തലം ഒരുക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്.

കൃഷി

നഗരതലത്തില്‍ കാര്‍ഷിക മേഖല മതിയായ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെന്നത് വാസ്തവാണ്. 75% ആളുകളും കാര്‍ഷികേതര പ്രവൃത്തികളിലേര്‍പ്പെടുത്തുന്നതു കൊണ്ട് കൂടിയാണ് ഗ്രാമങ്ങള്‍ നഗരങ്ങളായി മാറുന്നത്. ഇതോടെ നഗരങ്ങളില്‍ കൃഷി അന്യമാകുന്ന അവസ്ഥയും ഉണ്ടായി. എന്നാല്‍ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ഈ മേഖലക്ക് തുക നിര്‍ബന്ധമാക്കപ്പെട്ടതോടെ നഗരകൃഷിക്ക് പുതിയമുഖം ലഭിച്ചു. പാടങ്ങളുടെ അഭാവവും,പാടങ്ങളുടെ നികത്തലും, ഈ മേഖലയിലെ രൂക്ഷമായ തൊഴില്‍ പ്രശ്നങ്ങളും കാര്‍ഷിക മേഖലയെ പൊതുവായി തളര്‍ത്തുകയുണ്ടായി. പഴം, പച്ചക്കറികള്‍ക്കു പോലും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സ്ഥിതിയായി. സംസ്ഥാനത്ത് വളര്‍ന്നുവരുന്ന ഹൈടെക് കൃഷിരീതിക്കനുസൃതമായി ഈ നഗരസഭയിലും ആയത് വ്യാപകമാക്കാന്‍ എളിയശ്രമം നടത്തുന്നതാണ്. തരിശു ഭൂമി സംയോജിതമായി ഏറ്റെടുത്ത് പാട്ടകൃഷി വ്യാപകമാക്കും. കൃഷിക്കു വേണ്ടി നൂതന കമ്പ്യൂട്ടറൈസേഷന്‍റെ സഹായത്തോടെ ലഭ്യമാക്കും.
സംസ്ഥാന സര്‍ക്കാരിന്‍റെ ഈ രംഗത്തെ വീക്ഷണത്തിനനുസരിച്ച് പദ്ധതികളാസൂത്രണം ചെയ്യാനാണുദ്ദേശിക്കുന്നത്. മൈക്രോ ഇറിഗേഷന്, ന്യൂട്ട്രിയന്‍റ് വളപ്രയോഗം, സി.ഒ2 പ്രയോഗം, ഗ്രീന്‍ഹൗസ് മണ്ണിനെ അധികമായി ആശ്രയിക്കാത്ത കൃഷി, മുന്തിയ സങ്കര ഇനം വിത്തുകളുടെ ലഭ്യത എന്നീ ഘടകങ്ങളടങ്ങിയ ഹൈടെക് കൃഷിരീതിക്ക് പ്രചരണം പബ്ലിസിറ്റി നല്‍കും. ടെറസ് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കും. കൂണ്‍ വളര്‍ത്തല്‍ കുടുംബശ്രീ തലത്തില്‍ നടപ്പിലാക്കും. പ്രിസിഷന്‍ ഫാം നടപ്പിലാക്കും.

ഓട്ടോറിക്ഷകള്‍ക്ക് നമ്പറിംഗ്

നഗരസഭാതിര്‍ത്തിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഓട്ടോറിക്ഷകള്‍ക്ക് നഗരസഭാതലത്തില്‍ പ്രത്യേകം നമ്പറിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതാണ്.

പട്ടികജാതി വികസനം

പട്ടികജാതി വികസന പ്രവര്‍ത്തനങ്ങള്‍ ഭവന നിര്‍മ്മാണം, ഭവന നിര്‍മ്മാണത്തിന് സ്ഥലം വാങ്ങല്, വീട് അറ്റകുറ്റപ്പണി, ഓട്ടോറിക്ഷകള്‍ വാങ്ങല്‍ എന്നീ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ അനുമതിയോടു കൂടി വിദ്യാര്‍ത്ഥികളുളള ബി.പി.എല്‍ കുടുംബങ്ങളില്‍ ഒരു പഠന മുറി പദ്ധതി കൂടി നടപ്പിലാക്കും. ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്നതിനും സാധ്യതകള്‍ ആരായും.

പട്ടികവര്‍ഗ്ഗ വികസനം

നമ്മുടെ നഗരസഭാതിര്‍ത്തിയില്‍ ഈ വിഭാഗത്തില്‍ 40-ല്‍പരം കുടുംബങ്ങളാണ് താമസിക്കുന്നത്. എന്നാല്‍ ഇവരുടെ ഉന്നമനത്തിന് ഗ്രാന്‍റുകളൊന്നും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ലാത്തതാണ്. ഇത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി ഈ വിഭാഗങ്ങളില്‍പ്പെട്ട പാവപ്പെട്ടവര്‍ക്ക് ആശ്വാസ പദ്ധതികള്‍ക്ക് ഗ്രാന്‍റ് ലഭ്യമാക്കുന്നതാണ്. വസ്തു വാങ്ങല്, ഭവന നിര്‍മ്മാണം, വീട് അറ്റകുറ്റപ്പണിക്ക് ധനസഹായം, സാമ്പത്തിക ഭദ്രത ഉണ്ടാക്കുന്നതിനായി തൊഴില്‍ സംരംഭങ്ങള്, ഉന്നത വിദ്യാഭ്യാസ സഹായം എന്നിവ ലഭ്യമാക്കുന്നതാണ്.

എസ്.സി. ഷോപ്പിംഗ് കോംപ്ലക്സ്

നടപ്പു വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന ഈ പദ്ധതി മതിപ്പു വര്‍ഷത്തില്‍ പൂര്‍ത്തീയാക്കാനാകുമെന്ന് കരുതുന്നു. ഇതിന്‍റെ പ്രാരംഭപണികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിലേക്കായി 20 ലക്ഷം തുക വകയിരുത്തുന്നു.

പി.പി.പി/ബി.ഒ.ടി

കിന്‍ഫ്രയുടെ സമീപം നഗരസഭ വക 5 ഏക്കര്‍ സ്ഥലത്ത് പി.പി.പി/ബി.ഒ.ടി വ്യവസ്ഥയില്‍ ആധുനിക രീതിയില്‍ ഗോഡൗണ്‍ നിര്‍മ്മിക്കുന്നതിനോ, മറ്റാവശ്യങ്ങള്‍ക്കോ പി.പി.പി./ബി.ഒ.ടി വ്യവസ്ഥയില്‍ സ്ഥലം നിശ്ചിത കാലയളവിലേക്ക് നല്‍കുന്നതിന് തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇതുവഴി പ്രതിമാസം ചുരുങ്ങിയത് 20 ലക്ഷം രൂപ വരവായി പ്രതീക്ഷിക്കുന്നു.

ഉപസംഹാരം

തനതു ഫണ്ടു വര്‍ദ്ധിപ്പിച്ചു കൊണ്ടും പരമാവധി കേന്ദ്ര-സംസ്ഥാന ഗ്രാന്‍റുകളും, എം.പി., എം.എല്‍.എ മാരുടെ വിവിധ ഫണ്ടുകളും, ആവശ്യമുളള മുറയ്ക്ക് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ലോണും ലഭിക്കുമെന്ന വിശ്വാസത്തോടു കൂടിയാണ് പദ്ധതി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കിയിട്ടുളളത്. നികുതി ശോഷണം തടഞ്ഞും, സമയാധിഷ്ടിത നികുതികള്‍ വസൂലാക്കിയും, പുതിയ സ്രോതസ്സുകള്‍ കണ്ടെത്തിയും നിയമപരമായ നഗരസഭക്ക് ലഭിക്കേണ്ട എല്ലാ ധനാഗമ മാര്‍ഗ്ഗങ്ങളും പരമാവധി പ്രയോജനപ്പെടുത്തിയും സാമ്പത്തിക ഭദ്രത കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതുക്കിയ വസ്തു നികുതി മതിപ്പു വര്‍ഷം മുതല്‍ കുടിശ്ശിക ഉള്‍പ്പെടെ ഈടാക്കാനാകുമെന്ന് വിശ്വസിക്കുന്നു. നഗരസഭാ പരിധിക്കുളളില്‍ പരസ്യങ്ങള്‍ യാതൊരു കാരണവശാലും നഗരസഭയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ സ്ഥാപിക്കാന്‍ അനുവദിയ്ക്കുന്നതല്ല. അനധികൃത പരസ്യങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. നഗരസഭാ തലത്തില്‍ സര്‍ക്കാര്‍ പുറമ്പോക്കുകളില്, റോഡരികുകളില്‍ പരസ്യം വയ്ക്കുന്നതിന് ബോര്‍ഡിന്‍റെ വലിപ്പം അനുസരിച്ച് പരസ്യം സ്ഥാപിക്കുന്നതിനുളള ഫീസ് ഈടാക്കുന്നതാണ്. അനുവദനീയമായ ഘനത്തില്‍ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരീബാഗുകള്‍ ഉപയോഗിക്കുന്നത് കര്‍ശനമായും തടയും. ഈ നിയമ ലംഘനത്തിനെതിരെ ഫൈന്‍ ഉള്‍പ്പെടെയുളള നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. പൊതു നിരത്തിലോ, പൊതു സ്ഥലത്തോ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെ ഫൈന്‍ ഉള്‍പ്പെടെയുളള നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.

നഗരസഭക്ക് വിട്ടുകിട്ടിയ സ്ഥാപനങ്ങളുള്‍പ്പെടെ സമസ്ത മേഖലയുടേയും ഉന്നമനം ലക്ഷ്യമാക്കി പരിമിതിക്കുളളിലും പരമാവധി തുക വകയിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്.

നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കളമശ്ശേരി എം.എല്‍.എ കൂടിയായ ബഹുമാനപ്പെട്ട കേരള പൊതുമരാമത്ത് വകുപ്പു മന്ത്രിയുടെ മാനസീകവും, സാമ്പത്തികവുമായ സര്‍വ്വവിധ പിന്തുണയും നല്‍കികൊണ്ടിരിക്കുന്നത് ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. തുടര്‍ന്നും അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശങ്ങളും സഹകരണവും നഗരസഭക്ക് ഉണ്ടാകുമെന്നും വിശ്വസിക്കുന്നു. കൂടാതെ നമ്മുടെ ബഹുമാനപ്പെട്ട എം.പി ശ്രീ.പി.രാജീവ്ന്‍റെ എല്ലാവിധ സഹായസഹകരണങ്ങള്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നു. തുടര്‍ന്നും കേന്ദ്ര ഫണ്ടുകള്‍ ലഭ്യമാക്കി പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് അദ്ദേഹത്തിന്‍റെ അകമഴിഞ്ഞ സഹകരണം ഉണ്ടാകുമെന്നും പ്രത്യാശിക്കുന്നു. കൗണ്‍സിലിന്‍റെ സര്‍വ്വവിധ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും കക്ഷി രാഷ്ട്രീയ ഭേദമന്യേ നിര്‍ലോഭമായ സഹകരണമാണ് ഭരണ പ്രതിപക്ഷ ഭേദമില്ലാതെയാണ് കൗണ്‍സില്‍ അംഗങ്ങളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇക്കാര്യം നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം തുടര്‍ന്നും വികസന ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ നിര്‍ലോഭമായ സഹകരണം പ്രതീക്ഷിക്കുന്നു. നാം നടപ്പിലാക്കുന്ന വികസന പദ്ധതികള്‍ ജനഹൃദയങ്ങളിലേക്ക് എത്തിയ്ക്കുന്നതിന് നഗരസഭാ പ്രവര്‍ത്തനങ്ങളിലെ തെറ്റും ശരിയും ചൂണ്ടികാട്ടി കൗണ്‍സിലിനെ ശരിയായ ദിശാബോധത്തോടു കൂടി നയിക്കുന്ന രീതിയിലുളള ക്രിയാത്മകമായ സഹകരണം നല്‍കികൊണ്ടിരിക്കുന്ന ഇവിടുത്തെ പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്കും, വിവിധ രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകര്‍ക്കും, സാമൂഹ്യ സംഘടനകള്‍ക്കും, റസിഡന്‍സ് അസോസിയേഷനുകള്‍ക്കും സര്‍വ്വോപരി കളമശ്ശേരി നിവാസികള്‍ക്കും നന്ദിരേഖപ്പെടുത്തുന്നതോടൊപ്പം നഗരസഭയുടെ നൂതന പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതില്‍ തുടര്‍ന്നും സഹകരണം ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു. നഗരസഭാ കൗണ്‍സിലിന്‍റെ തീരുമാനങ്ങള്‍ സമയബന്ധിതമായും, ഗുണപരമായും നടപ്പിലാക്കുന്നതില്‍ നഗരസഭയിലെ ജീവനക്കാരുടെ പങ്ക് വലുതാണ്. എല്ലാ നഗരസഭാ ജീവനക്കാരുടെ സഹകരണത്തിനും ഈയവസരത്തില്‍ നന്ദി പറയുന്നു.

ഈ ബഡ്ജറ്റ് തയ്യാറാക്കാന്‍ വേണ്ടി ആത്മാര്‍ത്ഥമായി സഹായിച്ച ബഹു.നഗരസഭാചെയര്‍മാനും കേരള മുനിസിപ്പല്‍ ചേംബറിന്‍റെ ചെയര്‍മാനുമായ ശ്രീ.ജമാല്‍ മണക്കാടന് ഈയവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു. ഈ ബഡ്ജറ്റ് രൂപപ്പെടുത്താന്‍ സഹായിച്ച സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍ ശ്രീ.എ.കെ.ബഷീര്, ശ്രീമതി.ചന്ദ്രികപത്മനാഭന്, ശ്രീ.ടി.എസ്.അബൂബക്കര്,ശ്രീ.ജി.രവീന്ദ്രനാഥ്, ശ്രീമതി.ഷീബാപോള്‍ എന്നിവര്‍ക്കും, ഫിനാന്‍സ് സ്റ്റാന്‍റിംഗ് കമ്മറ്റി അംഗങ്ങള്‍ക്കും മറ്റ് എല്ലാ കൗണ്‍സില്‍ അംഗങ്ങള്‍ക്കും, മുനിസിപ്പല്‍ സെക്രട്ടറി ശ്രീ.എന്‍.വിജയകുമാര്, ജനറല്‍ വിഭാഗം സൂപ്രണ്ട് ശ്രീ.കെ.എസ്.ചന്ദ്രന്, റവന്യൂ വിഭാഗം സൂപ്രണ്ട് ടി.ബി.വിജയകുമാരന്, മുനിസിപ്പല്‍ എഞ്ചിനീയര്‍ ശ്രീ.ജി.ബാലചന്ദ്രന്, കൈമാറ്റപ്പെട്ട സ്ഥാപനങ്ങളിലെ വകുപ്പു മേധാവികള്‍ എന്നിവര്‍ക്കും അക്കൗണ്ടന്‍റ് ശ്രീമതി.പി.രമണിക്കും ഈ ബഡ്ജറ്റ് അവതരിപ്പിക്കുന്നതിന് സാങ്കേതിക സഹായം നല്‍കിയ ഐ.കെ.എം.-ലെ ശ്രീ.സജിത്തിനും ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു.
കളമശ്ശേരിയുടെ നഗരത്തിന്‍റെ സമഗ്രവികസനം ലക്ഷ്യമാക്കി തയ്യാറാക്കിയതും ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ 22/03/2012 ല്‍ കൂടിയ 1ാം നമ്പര്‍ അജണ്ടയായി അംഗീകരിക്കുകയും ചെയ്ത 2011-12 ലേക്കുളള പുതുക്കിയ ബഡ്ജറ്റും 2012-13 വര്‍ഷത്തെ മതിപ്പു ബഡ്ജറ്റും ഈ കൗണ്‍സിലിന്‍റെ സജീവ ചര്‍ച്ചക്കും, ഏകകണ്ഠമായ അംഗീകാരത്തിനുമായി ധനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റിയ്ക്കു വേണ്ടി സഭാ മുമ്പാകെ ഈ ബഡ്ജറ്റ് എസ്റ്റിമേറ്റ് സമര്‍പ്പിച്ചു കൊളളുന്നു.

അഡ്വ. അനീദ ലത്തീഫ്
വൈസ് ചെയര്‍പേഴ്സണ്‍ & ചെയര്‍പേഴ്സണ്‍, ധനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി

29/03/2012

2012-13-ലെ പ്രധാനപ്പെട്ട പദ്ധതികള്‍

 • ബസ് സ്റ്റാന്‍റ്
 • ആധുനിക ശ്മശാനം
 • ആധുനിക ബസ് ഷെല്‍ട്ടറുകള്‍ (ബി.ഒ.ടി)
 • എസ്.സി.ഷോപ്പിംഗ് കോംപ്ലക്സ്
 • സ്ഥലം അക്വിസിഷന്‍
 • ടൗണ്‍ഹാളുകള്‍ക്ക് ആവശ്യമായ ഫര്‍ണീച്ചറുകള്‍
 • ഇ-ടോയ്ലെറ്റ്
 • ചങ്ങമ്പുഴ പാര്‍ക്ക് നവീകരണം
 • നോര്‍ത്ത് കളമശ്ശേരിയില്‍ മാര്‍ക്കറ്റ് നവീകരണം
 • നഗരസഭാ കെട്ടിടങ്ങളുടെയും സ്ഥലത്തിന്‍റെയും
 • മെയിന്‍റനന്‍സും സംരക്ഷണവും
 • നഗരസഭാ ടൗണ്‍ഹാള്‍ നവീകരണം
 • കങ്ങരപ്പടി ടൗണ്‍ഹാള്‍ നവീകരണം
 • ഇന്‍ഡോര്‍ സ്റ്റേഡിയം (നോര്‍ത്ത് കളമശ്ശേരി)
 • ചമ്പോക്കടവ് ബ്രിഡ്ജ് അപ്രോച്ച് റോഡ്
 • കോമണ്‍ ഫെസിലിറ്റി സെന്‍റര്‍ എക്സറ്റന്‍ഷന്‍
 • ബാച്ച്ലേഴ്സ് ക്വാര്‍ട്ടേഴ്സ്
 • മിനി വനിതാ കേന്ദ്രം/കുടുംബശ്രീ പരിശീലന കേന്ദ്രം
 • റിവര്‍ കോറിഡോര്‍
 • ഹൈമാസ്റ്റ് ലൈറ്റ്
 • ഓഫീസ് നവീകരണം
 • ഓഫീസ് ഫര്‍ണിച്ചര്‍
 • മിനി കോണ്‍ഫറന്‍സ് ഹാള്‍
 • സമ്പൂര്‍ണ്ണ ഓഫീസ് കമ്പ്യൂട്ടറൈസേഷന്‍
 • ജി.ഐ.എസ്/ജി.പി.എസ്
 • കങ്ങരപ്പടിയില്‍ ഓഫീസ് എക്സറ്റന്‍ഷന്‍ കൗണ്ടര്‍
 • രാരീരം പദ്ധതി
 • ആയൂര്‍വ്വേദ ആരോഗ്യ കിറ്റ്
 • ജലധാര (കുഴല്‍ കിണറുകള്‍ ഉള്‍പ്പെടെ)
 • കുളങ്ങളുടെ സംരക്ഷണം
 • വഴിയോരത്തണല്‍മര പദ്ധതി
 • മുട്ടാര്‍ പാലം
 • പരിസ്ഥിതി സംരക്ഷണം (കാര്‍ബണ്‍ മെഷര്‍മെന്‍റ്)
 • അറവുശാല നിര്‍മ്മാണം
 • മെഡിക്കല്‍ ലാബ് (ആദ്യ ഘട്ടം)
 • പകര്‍ച്ചവ്യാധികള്‍ - ബോധവല്ക്കരണം
 • ലേബര്‍ ബാങ്ക്
 • ജോബ് ഫെസ്റ്റ്
 • ചലച്ചിത്ര ക്ലബ്ബ്
 • സാന്ത്വനം
 • മാലിന്യ സംസ്ക്കരണത്തിലേര്‍പ്പെട്ടിട്ടുളള കുടുംബശ്രീ
 • അംഗങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം
 • പാഴ്ച്ചെടി നിര്‍മ്മാര്‍ജ്ജനം
 • ട്രഞ്ചിംഗ് ഗ്രൗണ്ട്
 • വൃദ്ധജനപകല്‍ സംഗമകേന്ദ്രം
 • പാലിയേറ്റീവ് കെയര്‍ യൂണിറ്റ്
 • അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി
 • കളരി
 • ബാന്‍റ് സെറ്റ് പരിശീലനവും സാധന സാമഗ്രികള്‍ വാങ്ങലും
 • സ്പോര്‍ട്സ് കിറ്റ്
 • പോഷകാഹാര പദ്ധതി
 • സാഹിത്യ സംഗമം
 • തേവയ്ക്കല്‍ എല്‍.പി. സ്കൂള്‍ നവീകരണം
 • സ്റ്റുഡന്‍സ് പോലീസ്
 • സ്മാര്‍ട്ട് ക്ലാസ് റൂം
 • ഗേള്‍ ഫ്രണ്ട്ലി ടോയ്ലെറ്റ്
 • ഹൈടെക് ലൈബ്രറി
 • സാക്ഷരത
 • സ്കൂളുകളില്‍ ഒരു തുണ്ടു ഭൂമി ഒരു കൊച്ചു തോട്ടം പദ്ധതി
 • സ്കൂള്‍ ഓഡിറ്റോറിയം
 • കലാകായിക സംസ്കാരിക കേന്ദ്രം
 • പുഷ്പഫല സസ്യ പ്രദര്‍ശന മേള
 • പൈതല്‍ പദ്ധതി
 • ഓണാഘോഷം
 • പാട്ടകൃഷി
 • റോഡ് നവീകരണം
 • പരാതി പരിഹാര സെല്‍
 • വികലാംഗ സാമൂഹ്യ ക്ഷേമ പദ്ധതി
 • ആരോഗ്യ ഇന്‍ഷുറന്‍സ്
 • എല്‍.ഇ.ഡി ലൈറ്റ്സ് & സൈന്‍ ബോര്‍ഡുകള്‍
 • ചേരി പരിഷ്കരണം
 • നഗരസഭാ റോഡ്സ് മാപ്പ് തയ്യാറാക്കല്‍
 • പട്ടികജാതി വികസനം
 • പട്ടികവര്‍ഗ്ഗ വികസനം
 • ഓട്ടോറിക്ഷകള്‍ക്ക് നമ്പറിംഗ്
 • ഹൈടെക് കൃഷി
 • മലിനീകരണ നിയന്ത്രണം
 • ഇ-ഗവേണന്‍സ്
 • എം.ഗവേണന്‍സ്
AttachmentSize
BUDGET183.17 KB